ഡീസല്‍ പ്രതിസന്ധി: ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മുടങ്ങും

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും. ഡീസല്‍ പ്രതിസന്ധി കണക്കിലെടുത്ത് ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് വെട്ടിക്കുറയ്ക്കുന്നത്.

ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ബുധനാഴ്ച മാത്രമേ എത്തുകയുള്ളൂ. തുക ലഭിച്ചാല്‍ ഇന്ധന കമ്പനികള്‍ക്ക് കുടിശിക തീര്‍ത്തു അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നത്.

ദിവസ വരുമാനത്തില്‍ നിന്ന് ഡീസല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ എങ്ങനെ സാധ്യമാകുമെന്നാണ് ആശങ്ക. സര്‍വീസ് പ്രതിസന്ധി ആസൂത്രിതമെന്നാണ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

Top