ടാക്സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്? മാസപ്പടി വാങ്ങിയോ എന്നല്ലേയെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണ്. എ സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണം. ഇഡിയുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നേരിടണം. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാന്‍ മൊയ്തീന്‍ ബിസിനസുകാരനല്ലല്ലോ. കരുവന്നൂരില്‍ നടന്നത് പുറത്തു വരുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തിന് ഭയക്കണം.

മാസപ്പടി വിവാദത്തിലും സിപിഎം ഇങ്ങനെ തന്നെ പറയുന്നു. ടാക്സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്. മാസപ്പടി വാങ്ങിയോ എന്നല്ലേ? കരിവന്നൂരിലും കരിമണലിലും സിപിഎം വിശദീകരണം നല്‍കണം. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് . തര്‍ക്ക പരിഹാര ബോര്‍ഡ് വിധി അഴിമതിയുടെ പരിധിയില്‍ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയിട്ടുണ്ട് .കേന്ദ്രം തീരുമാനിക്കുന്നതല്ല,ധനകാര്യ കമ്മീഷന്‍ ആണ് നികുതി വിഹിതം തീരുമാനിക്കുന്നത് .ഇത് അറിയില്ലെങ്കില്‍ മന്ത്രിമാര്‍ അറിയുന്നവരോട് ചോദിക്കണം .കേരളം പിരിച്ചെടുക്കേണ്ട പണം പിരിച്ചെടുക്കുന്നില്ല, ഇതിന് സര്‍ക്കാര്‍ മറുപടി പറയണം.കേരളത്തിലെ ധനപ്രതിസന്ധിയുടെ കാരണം കേന്ദ്ര നിയന്ത്രണമല്ല,സര്‍ക്കാരിന്റെ പിടിപ്പുകേടും, ധൂര്‍ത്തുമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Top