പെരിയയിലെ ‘കണ്ണീര്‍’ സെന്‍സേഷനാക്കിയ മാധ്യമങ്ങള്‍, വെഞ്ഞാറമൂട് കണ്ടില്ലേ ?

മാധ്യമങ്ങള്‍ ഒരിക്കലും ചെകുത്താന്‍മാരുടെ പ്രതിരൂപമാകരുത്. ജീവന് വില ഒന്നു തന്നെയാണ്. അത് ആര് കൊല്ലപ്പെട്ടാലും അങ്ങനെ തന്നെയാണ്. തനിക്ക് നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ ഒരു എം.പി നല്‍കിയിരിക്കുന്നതിപ്പോള്‍ സൈബര്‍ ക്വട്ടേഷനാണ്. നിറം പിടിപ്പിച്ച കഥകളാണ് ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്. അതില്‍ മുഖ്യധാര ചാനലുകള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റുകള്‍ പ്രതിസ്ഥാനത്ത് വരുന്ന കൊലക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ മാധ്യമങ്ങള്‍ ചിലവഴിച്ച സമയത്തിന്റെ ചെറിയ അംശം പോലും വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിനു വേണ്ടി മാറ്റിവച്ചിട്ടില്ല.

‘കോട്ടിട്ട’ മാധ്യമ ജഡ്ജിമാരുടെ വിചാരണയും കോണ്‍ഗ്രസ്സിനെതിരെ ഇവിടെ നടന്നിട്ടില്ല. പെരിയക്ക് നല്‍കിയ ‘നീതിയാണ്’ പേരൂര്‍ക്കടയില്‍ ഈ മാധ്യമങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊന്ന കേസില്‍ ആരോപണ വിധേയനായ എം.പി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും ബോധപൂര്‍വ്വമാണ്. ബി.ജെ.പി ഭരിക്കുന്ന സി.ബി.ഐയില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വിശ്വാസമുണ്ടാകുക സ്വാഭാവികമാണ്. കാരണം രാജ്യത്താകെ ‘ഖദര്‍’ കാവിയണിഞ്ഞ് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇത്തവണയും യു.ഡി.എഫിന് കേരള ഭരണം കിട്ടിയില്ലങ്കില്‍ കാവിയണിയാന്‍ സാധ്യതയുള്ള എം.പിയാണ് ഇപ്പോള്‍ കുരുക്കില്‍പ്പെട്ടിരിക്കുന്നത്. ഈ ‘കുരുക്കഴിക്കാന്‍’ കോണ്‍ഗ്രസ്സ് സി.ബി.ഐ സഹായം തേടിയിട്ട് ഒരു കാര്യവുമില്ല. കേരള പൊലീസിലെ മിടുക്കന്‍മാര്‍ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഈ കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് വിവാദ എം.പിയുടെ മറ്റൊരു വാദം. യുക്തിക്ക് നിരക്കാത്ത വാദമാണിത്. രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം ദൃക്‌സാക്ഷിയോട് വിവരം തേടിയതില്‍ എന്താണ് തെറ്റ്? പൊലീസ് സ്റ്റേഷനിലല്ല എവിടെ വെച്ചാണെങ്കിലും വിവരം ചോദിച്ചറിയാന്‍ റഹീമിന് ബാധ്യതയുണ്ട്. അത് അദ്ദേഹത്തിന്റെ സംഘടനാപരമായ കടമ കൂടിയാണ്. വ്യക്തമായ വിവരം ലഭിക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എങ്ങനെയാണ് റഹീമിന് പ്രതികരിക്കാന്‍ കഴിയുക എന്നതു കൂടി ഈ എം.പി ഒന്നു പറഞ്ഞു തരണം. മുന്‍പ് കൊല്ലാന്‍ പോയവരെ രക്ഷപ്പെടുത്താന്‍ ഇടപെട്ട എം.പി എല്ലാവരെയും അതേ കണ്ണില്‍ കാണാന്‍ ശ്രമിക്കരുത്. അത് പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും അനുവദിച്ച് തരികയുമില്ല.

ഇരുപക്ഷത്തിന്റെയും കയ്യില്‍ ആയുധങ്ങള്‍ കണ്ടല്ലോ എന്നതാണ് കുത്തക മാധ്യമങ്ങളുടെ മറ്റൊരു പ്രധാന ചോദ്യം. അവര്‍ ഈ വാദം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ്സിനു വേണ്ടിയിപ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത്. തെളിവിനായി സി.സി.ടി.വി ദൃശ്യങ്ങളും ഒരു പ്രമുഖ മാധ്യമം പുറത്ത് വിടുകയുണ്ടായി. സ്വയം രക്ഷക്ക് കരുതിയ ആയുധമാണോ എന്നു പോലും ഈ മാധ്യമം പറയുകയുണ്ടായില്ല. ഫൈസല്‍ എന്ന ഡി.വൈ.എഫ്.ഐക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രദേശമാണിത്. അന്ന് ഇതേ അക്രമികള്‍ തേടി വന്നിരുന്നവരില്‍ ഒരാള്‍ ഇപ്പോള്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐക്കാരില്‍ ഒരാളാണ്. ആദ്യം ഇവരാണ് ആക്രമിച്ചതെങ്കില്‍ ഒരിക്കലും അവര്‍ കൊല്ലപ്പെടില്ലായിരുന്നു. ആക്രമണം ആസൂത്രിതമായത് കൊണ്ടു തന്നെയാണ് ഹഖ് മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമികളുടെ ദേഹത്ത് ഒരു ചോര പോലും പൊടിയാത്തതില്‍ തന്നെ അക്രമം ഏകപക്ഷീയമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ചതിച്ച് കൊല്ലാന്‍ ആര്‍ക്കും പറ്റും. അത് ധീരതയൊന്നുമല്ല. എന്നാല്‍ നേര്‍ക്ക് നേര്‍നിന്ന് പൊരുതാന്‍ ഖദറിട്ട ഒരു പുന്നാരമോനും ധൈര്യം കാണുകയില്ല. അക്കാര്യവും ഉറപ്പാണ്. ഗുണ്ടകളുടെ പിന്‍ബലവും ഇരുട്ടിന്റെ മറയുമാണ് ഇവിടെ ഖദറിന് കൃത്യം നടത്താന്‍ സഹായകരമായിരിക്കുന്നത്.

അക്രമ ദൃശ്യം പ്രചരിപ്പിച്ച ചാനല്‍ ചെയ്തതും വലിയ തെറ്റാണ്. കുട്ടികളടക്കമുള്ളവര്‍ കാണാന്‍ പാടില്ലാത്ത അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത് തന്നെ മാധ്യമ ധര്‍മ്മത്തിന് എതിരാണ്. ഡി.വൈ.എഫ്.ഐ ക്കാരുടെ കൈവശം ആയുധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഈ വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം പ്രമുഖ ചാനല്‍ നടത്തിയിരിക്കുന്നത്. ചുടുചോരയിലും വിളവെടുപ്പ് നടത്തുന്ന മാധ്യമ പ്രവര്‍ത്തനമാണിത്. കമ്യൂണിസ്റ്റുകളാല്‍ ഇവിടെ ആരും കൊല ചെയ്യപ്പെട്ടിട്ടില്ലന്ന് ഞങ്ങള്‍ പറയുന്നില്ല.ജന്മിമാര്‍ മുതല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ വരെ അരിവാളിന് ഇരയായിട്ടുണ്ട്. പക്ഷേ അപ്പോഴും നമ്മള്‍ ഓര്‍ക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. കമ്യൂണിസ്റ്റുകള്‍ സഹിച്ച പോലൊരു പീഢനം മറ്റൊരു പാര്‍ട്ടിക്കാരനും ഈ മണ്ണില്‍ അനുഭവിച്ചിട്ടില്ല. നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് സി.പി.എമ്മിന് മാത്രം നഷ്ടമായിരിക്കുന്നത്. ഡി. വൈ. എഫ്. ഐ, എസ്.എഫ്.ഐ സംഘടനകള്‍ക്കും അനവധി പേരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ രക്തസാക്ഷിത്വങ്ങളെല്ലാം ഈ സംഘടനകളെ ശക്തിപ്പെടുത്തിയിട്ടേയൊള്ളു. കൊന്നാല്‍ തകരേണ്ട പാര്‍ട്ടിയാണെങ്കില്‍ ആദ്യം കേരളത്തില്‍ തകരേണ്ടത് സി.പി.എമ്മാണ്. അതും ഓര്‍ക്കുന്നത് നല്ലതാണ്.

ഇന്നും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എമ്മാണ്. രണ്ടാം സ്ഥാനക്കാര്‍ ആരായാലും അവര്‍ ബഹുദൂരം പിന്നിലാണ്. യുവജന രംഗത്തും വിദ്യാര്‍ത്ഥി രംഗത്തും തൊഴിലാളി രംഗത്തും ഉള്‍പ്പെടെ ഇതു തന്നെയാണ് അവസ്ഥ. ഈ ശക്തി സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ആര്‍ജ്ജിച്ചത് പോരാട്ടങ്ങളിലൂടെയാണ്. അല്ലാതെ മാധ്യമ പരിലാളന ഏറ്റുകൊണ്ടല്ല. കമ്യൂണിസ്റ്റുകള്‍ പ്രതിസ്ഥാനത്താകുന്ന കൊലപാതകങ്ങള്‍ വ്യാപക ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍ വെഞ്ഞാറമൂടില്‍ കൊലയാളികളെയാണ് സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കാസര്‍കോട് പെരിയയില്‍ മുല്ലപ്പള്ളിയുടെ കരച്ചില്‍ കണ്ട മാധ്യമങ്ങള്‍ വെഞ്ഞാറമൂടിലെ കണ്ണീര്‍ ഇതുവരെ കണ്ടിട്ടില്ല. മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും ഭാര്യമാരുടെയും മക്കളുടെയും വിലാപങ്ങളും ഈ കുത്തക മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. അവര്‍ കാണുന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരോപണങ്ങളാണ്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച പ്രവൃത്തിയാണിത്. അത് പറയാതിരിക്കാനാവില്ല.

Top