വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല; ശശി തരൂരിനെതിരെ എസ്‌കെഎസ്എസ്എഫ്

മുസ്ലിംലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വച്ച് ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ്. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് ശശി തരൂര്‍ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകി എന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതാനും ദിവസം മുമ്പ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തതായി അറിയാന്‍ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായി വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടത്.

ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാറും പാര്‍ടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീന്‍ ജനതയോട് കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്.

ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അത്ഭുതപ്പെടുത്തി. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി.

Top