ആക്രമിക്കപ്പെട്ട നടിയെ വേണ്ട സമയത്ത് പിന്തുണച്ചോ? കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി ഡബ്ലിയു സി സി

wcc

കൊച്ചി: അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് സിനിമാ താരങ്ങള്‍ എത്തിയതില്‍ പ്രതികരണവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. അഞ്ചുവര്‍ഷങ്ങളായി അതിജീവിത കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്. സിനിമ മേഖലയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും നടിയുടെ വാക്കുകള്‍ക്ക് ലഭിച്ച വിപുലമായ പിന്തുണ ലഭിച്ചു.

എന്നാല്‍ വേണ്ടിയിരുന്നു സമയത്ത് ആ പിന്തുണ ലഭിച്ചില്ല എന്നതില്‍ നിരാശയുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഇപ്പോള്‍ നല്‍കുന്ന പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ് എന്നും ഡബ്ല്യുസിസി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമുക്ക് ചുറ്റുമുള്ളവര്‍ ഭയത്താല്‍ തലതാഴ്ത്തി നില്‍ക്കുമ്പോഴും, നമുക്ക് തല ഉയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കാന്‍ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവര്‍ഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവള്‍, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.

മലയാള സിനിമയില്‍ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളില്‍ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകള്‍ക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യര്‍ഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയില്‍, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.

ഇപ്പോള്‍ നല്‍കുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാന്‍ ഞങ്ങള്‍ ഈയവസരത്തില്‍ നിര്‍ബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളില്‍ പോഷ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍, മലയാള സിനിമ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!

നമ്മുടെ പുരുഷ സഹപ്രവര്‍ത്തകര്‍, നിലവില്‍ അവര്‍ക്കുള്ള നിര്‍ണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകള്‍ക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടെന്നും, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകള്‍ക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങള്‍ക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങള്‍ അര്‍ഹിക്കുന്നത്.

ഈ കാലയളവില്‍, അതിജീവിച്ചവള്‍ക്കൊപ്പവും, ഡബ്ല്യുസിസിക്കൊപ്പവും നിന്നുകൊണ്ട്, ആത്മാര്‍ത്ഥമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓരോരുത്തരോടുമുള്ള സ്‌നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്‌നത്തില്‍ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയില്‍ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.

പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നില്‍ക്കുന്ന, സുരക്ഷിതമായാ ഒരു പ്രവര്‍ത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തില്‍, ഇനിയും ഒരുപാട് പേര്‍ക്ക് പങ്കുചേരാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

Top