പ്രധാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയെ കൈവിട്ടോ? മുരളി പ്രതിരോധത്തില്‍

സ്വര്‍ണ്ണക്കടത്തു കേസില്‍ ഇപ്പോള്‍ ഒരേസമയം വെട്ടിലായിരിക്കുന്നത് ബി.ജെ.പിയും കോണ്‍ഗ്രസ്സുമാണ്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധമായ റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മീഷണര്‍ ജൂലായിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരുന്നത്. വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നത്. കേസില്‍ നിര്‍ണ്ണായക കക്ഷിയാകേണ്ട യു.എ.ഇ അറ്റാഷെ നാട് വിട്ടതിലും പങ്കില്ലെന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. ഈ വാദങ്ങളിലെ പൊള്ളത്തരമാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ തുറന്നു കാട്ടിയിരിക്കുന്നത്.

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന റിപ്പോര്‍ട്ട് ഏറെ ഗുരുതര സ്വഭാവമുള്ളതാണ്. യു.ഡി.എഫ് എം.പിമാര്‍ക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സ് നേതാക്കള്‍ മന്ത്രിയ്‌ക്കെതിരെ കാര്യമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ‘സ്വന്തം’ മന്ത്രിയാണെന്നു കണ്ടാണ് ഈ ‘കരുതല്‍’ പിണറായി സര്‍ക്കാറിനെതിരെ കോ-ലീ-ബീ സഖ്യമാണെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നതും ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ്. നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ സ്വപ്നയെ മുന്‍പ് ഉപദേശിച്ചിരുന്നത് ഒരു മാധ്യമ പ്രവര്‍ത്തകനാണ്. മുരളീധരനുമായി ഈ മാധ്യമ പ്രവര്‍ത്തകനുള്ള ബന്ധം അന്വേഷിക്കണമെന്നും സി.പി.എം ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്തതോടെ സംഘപരിവാര്‍ ചാനല്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണുണ്ടായത്. ഇക്കാര്യത്തില്‍ വലിയ നിശബ്ദതയാണ് മുരളീധരന്‍ പാലിച്ചിരുന്നത്. ഇതും ഏറെ സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെയും മന്ത്രി ജലീലിനെയും മുന്‍നിര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചവരാണിപ്പോള്‍ ഏറെ വെട്ടിലായിരിക്കുന്നത്. ശിവശങ്കറിനെ ഈ കേസില്‍ ഇതുവരെ പ്രതിചേര്‍ക്കാന്‍ എന്‍.ഐ.എക്കും കഴിഞ്ഞിട്ടില്ല. ശിവശങ്കര്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ സ്വപ്നയ്ക്ക് ഉപദേശം നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെയും കേസെടുക്കേണ്ടി വരും. സംഘപരിവാര്‍ ചാനലിന്റെ പ്രധാനിയാണെങ്കിലും ഈ മാധ്യമ പ്രവര്‍ത്തകന് ചെന്നിത്തലയുമായും അടുത്ത ബന്ധമാണുള്ളത്. ഇദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ കേന്ദ്ര സഹമന്ത്രിയെ ലക്ഷ്യമിട്ടാണ് ഇടതുപക്ഷത്തിന്റെ നീക്കം. സ്വര്‍ണ്ണക്കടത്ത് നയതന്ത്രബാഗിലല്ലെന്ന് എന്തിന് മുരളീധരന്‍ പറഞ്ഞു എന്നാണ് ചോദ്യം. ഈ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം കേന്ദ്ര സഹമന്ത്രി പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കളെ പോലും ആശയക്കുഴപ്പത്തിലാക്കിയ പ്രതികരണമാണിത്. മൂന്ന് ഏജന്‍സികളാണ് പ്രധാനമായും സ്വര്‍ണ്ണക്കടത്ത് കേസുകളിപ്പോള്‍ അന്വേഷിക്കുന്നത്. എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയാണിത്. ഈ മൂന്ന് കേന്ദ്ര ഏജന്‍സികളും മൂന്ന് തലത്തിലാണ് കേസുകള്‍ അന്വേഷിക്കുന്നത്. അതു കൊണ്ട് തന്നെ കാര്യക്ഷമമായാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ 16 പേരെയാണ് കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ദേശവിരുദ്ധ പ്രവൃത്തി സംബന്ധിച്ച കാര്യത്തിനാണ് എന്‍.ഐ.എ വ്യക്തത തേടുന്നത്. നിര്‍ണ്ണായകമായ വിവരങ്ങള്‍ ഇതിനകം തന്നെ ഈ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും ഈ റിപ്പോര്‍ട്ടിനായാണ്. അന്തിമ റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കാം എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെയും നിലപാട്. അതേസമയം, പ്രക്ഷോഭ രംഗത്തേക്ക് എടുത്ത് ചാടിയ യു.ഡി.എഫും ഇപ്പോള്‍ വെട്ടിലായിട്ടുണ്ട്. അനില്‍ അക്കരെ എം.എല്‍.എയാണ് ഇവിടെ വില്ലനായിരിക്കുന്നത്. സ്വപ്ന സുരേഷിനെ അഡ്മിറ്റ് ചെയ്ത തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി എം.എല്‍.എ എന്തിന് എത്തി എന്നതാണ് ഉയര്‍ന്ന് വന്നിരിക്കുന്ന ചോദ്യം. ഇതിന് മറുപടി പറയേണ്ട ഗതികേടാണ് യു.ഡി.എഫ് നേതൃത്വത്തിനും ഇപ്പോഴുണ്ടായിരിക്കുന്നത്.

Top