തന്നെ ബഹുമാനിച്ചില്ല; ടി ആര്‍ എസ് നേതാവ് യുവാവിന്റെ ബൈക്ക് കത്തിച്ചു

ഹൈദരാബാദ്: തന്നെ ബഹുമാനിച്ചില്ലെന്നാരോപിച്ച് ടി ആര്‍ എസ് നേതാവ് യുവാവിന്റെ ബൈക്ക് കത്തിച്ചു. ടി ആര്‍ എസ് നേതാവ് കെ അരുണ്‍കുമാറാണ് തനിക്ക് ബഹുമാനം നല്‍കിയില്ല എന്നതിന്റെ പേരില്‍ യുവാവിന്റെ ബൈക്ക് കത്തിച്ചത്.

ജൂബിലി ഹില്‍സിലുള്ള റഹ്മത്ത് നഗറിലാണ് സംഭവം നടന്നത്. പാന്‍മസാല കടക്കാരനായ ഉമാകാന്ത് ആണ് അരുണ്‍കുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന തന്നെ അരുണും സംഘവും തടഞ്ഞ് നിര്‍ത്തി.അരുണിനെക്കണ്ടിട്ട് നമസ്‌കാരം പറഞ്ഞില്ല എന്നാരോപിച്ച് കത്തി കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഉമാകാന്ത് പറഞ്ഞു.

ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും തര്‍ക്കത്തിനിടയില്‍ അരുണും കൂടെയുള്ളവരും ചേര്‍ന്ന് തന്റെ ബൈക്കിന് തീയിട്ടെന്നും ഉമാകാന്ത് പൊലീസിനോട് പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടും ഇയാള്‍ ഉമാകാന്തിനോട് വഴക്കിട്ടു. ബൈക്കിന് തീയിടുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു.

Top