‘രക്തം വാര്‍ന്ന് പോയിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല ‘; ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം

കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് ഗവ.മെഡിക്കൽ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം. തോമസ് മരിച്ചത് ചികിത്സയിലെ പിഴവ് മൂലമെന്ന ആരോപണം കുടുംബം ആവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും ആംബുലൻസ് വൈകി. എത്തിയത് ഐസിയു ആംബുലൻസുമല്ല. രക്തം വാർന്നുപോയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും കുടുംബം ആരോപിച്ചു.

‘രക്തം വാർന്നാണ് ചേട്ടൻ മരിച്ചത്. 11.30 ഓടേ ആശുപത്രിയിൽ എത്തിച്ചു. കുറെ താമസം വന്നു. ബാൻഡേജ് ചെയ്ത് പുറത്തിറക്കിയെങ്കിലും പിന്നെയും രക്തം വരുന്നുണ്ടായിരുന്നു. പിന്നീട് വീണ്ടും ആശുപത്രിയിൽ കയറ്റി. 108 ആംബുലൻസാണ് വന്നത്. എത്തിയത് ഐസിയു ആംബുലൻസല്ല. ആംബുലൻസിൽ കുടുംബം മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറും അറ്റൻഡറും മാത്രമാണ് ആശുപത്രിയുടെ ഭാഗമായി ഉണ്ടായിരുന്നത്. സർജൻ പരിശോധിച്ചിട്ടും നല്ല ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയില്ല. പനമരം വരെ തോമസ് സംസാരിച്ചു. കൽപ്പറ്റയിൽ എത്തിയപ്പോഴാണ് ആരോഗ്യനില വഷളായി തുടങ്ങിയത്. ഈ ഗതി മറ്റാർക്കും ഉണ്ടാവരുത്. വയനാട് മെഡിക്കൽ കോളജിൽ മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ചേട്ടൻ മരിക്കില്ലായിരുന്നു – തോമസിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്റെ മരണകാരണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അഞ്ച് ദിവസം മുൻപാണ് മാനന്തവാടി വെള്ളാരം കുന്നിൽ കൃഷിയിടത്തിൽ വച്ച് കർഷകൻ തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ വേണ്ട ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

വിദഗ്ധരായ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മകൾ സോന മന്ത്രി കൃഷ്ണൻകുട്ടിക്ക് മുന്നിൽ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു. തോമസിനെ ആധുനിക ചികിത്സ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു ആംബുലൻസ് വിട്ട് നൽകിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വീട്ടിലെത്തിയ സമയത്തും കുടുംബം പരാതി ആവർത്തിച്ചു. മൃഗമല്ല മനുഷ്യരാണ് തോമസിനെ കൊന്നതെന്ന് മന്ത്രിയോട് കുടുംബം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയാണ് ആരോഗ്യ വകുപ്പ്. തോമസിന് ചികിത്സ നൽകാൻ വൈകിയിട്ടില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി.

അസി. പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്ടർമാർ തോമസിനെ കൊണ്ടു വരുമ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയ നടത്താൻ മൈക്രോ വാസ്‌കുലാർ സർജൻ ഇല്ലാത്തത് കൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. തോമസ് യാത്രാമധ്യേ ഗുരുതരാവസ്ഥയിൽ ആകാൻ കാരണം ഹൃദയ സംബന്ധമായ രോഗം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്. മുറിവുകളിൽ നിന്നുണ്ടായ അമിത രക്തസ്രാവം മൂലം ഷോക്ക് ഉണ്ടായി എന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിശദീകരിക്കുന്നു.

Top