കഥ മാറ്റിയത് പവാര്‍-മോദി കൂടിക്കാഴ്ചയോ? ശിവസേന ടെസ്റ്റ് കളിച്ചപ്പോള്‍ ബിജെപിയുടെ ട്വന്റി20

ഇതെങ്ങനെ സംഭവിച്ചു? മഹാരാഷ്ട്രയിലെ അധികാര ട്വിസ്റ്റില്‍ ഈ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പത്രം വായിച്ചവര്‍ ശിവസേന സര്‍ക്കാരിനെ പ്രതീക്ഷിച്ച് ഇരുന്നപ്പോള്‍ ചാനലുകളിലും, ഓണ്‍ലൈന്‍ ലോകത്തും ആ വാര്‍ത്തയെത്തി. ശിവസേനയുടെ സ്വപ്നം തകര്‍ത്ത് ബിജെപി മഹാരാഷ്ട്രയുടെ അധികാരത്തില്‍ എത്തിയിരിക്കുന്നു. ഒറ്റ രാത്രി നേരംഇരുട്ടി വെളുത്തപ്പോള്‍ മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചതെന്ന ‘മഹാ’ സംശയങ്ങളാണ് രാഷ്ട്രീയ നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും ഉള്ളത്.

സോണിയാ ഗാന്ധിയെ ഒരു വിധത്തില്‍ അനുനയിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനും മുഖ്യമന്ത്രി ആകാനും ഉദ്ധവ് താക്കറെ ഒരുങ്ങുമ്പോഴാണ് ഈ അട്ടിമറി അരങ്ങേറിയത്. ഉദ്ധവും സംഘവും എഴുതിയ ശക്തമായ തിരക്കഥ എപ്പോഴാണ് തിരുത്തപ്പെട്ടത്? എന്‍സിപി മേധാവി ശരത് പവാറിന്റെ മരുമകന്‍ അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ച കത്തുമായി മുങ്ങിയെന്നാണ് ഒരു വാര്‍ത്ത.

എന്‍സിപി എംഎല്‍എമാര്‍ ഒപ്പുവെച്ച കത്ത് (ശിവസേന സഖ്യത്തിന് വേണ്ടി) അജിത് പവാറിന്റെ പക്കലായിരുന്നു. ഇതേ കത്താണ് കഥ തിരുത്താന്‍ അദ്ദേഹം ഉപയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സാക്ഷാല്‍ ശരത് പവാറിന്റെ ‘പവര്‍’ എല്ലാവര്‍ക്കും അറിയാം. അദ്ദേഹം അറിയാതെ എന്‍സിപിയില്‍ ഒന്നും നടക്കുകയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അടുത്ത വിരല്‍ ചൂണ്ടുന്നത്.

രാജ്യസഭയില്‍ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഉത്തരങ്ങള്‍ നല്‍കുകയായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയുടെ ചേംബറിലേക്ക് ഈ സമയം വിളിപ്പിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും യോഗത്തില്‍ എത്തിച്ചേരുന്നു. 45 മിനിറ്റ് നീണ്ട ഈ യോഗത്തിലാണ് ട്വിസ്റ്റ് സംഭവിച്ചതെന്ന് കരുതുന്നവരുമുണ്ട്. ശരത് പവാറിനെ കിട്ടുന്ന അവസരത്തിലെല്ലാം പുകഴ്ത്തുന്ന മോദിയുടെ നടപടി വെറുതെയല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Top