നടുക്കടലിലും കൊറോണ; ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 പേര്‍ക്ക് കൊറോണ

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചതിലാണ് 10 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പല്‍ നിരീക്ഷണത്തിലാക്കിയത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

Top