വാക്‌സിനില്ലാതെ വാക്‌സിനെടുക്കൂ എന്ന ഡയലര്‍ട്യൂണ്‍; അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി; രാജ്യത്ത് ആവശ്യത്തിനു കോവിഡ് വാക്‌സിന്‍ ഇല്ലാതെ വാക്‌സിനെടുക്കൂ എന്ന ഡയലര്‍ ടോണ്‍ കേള്‍പ്പിക്കുന്നത് അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി. ആവശ്യത്തിനു വാക്‌സിന്‍ ഇല്ലാഞ്ഞിട്ടും ഇത്തരത്തില്‍ സന്ദേശം നല്‍കുന്നത് എത്ര കാലം തുടരും? വാക്‌സിന്‍ ഇല്ലാഞ്ഞിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിനെടുക്കാന്‍. വാക്‌സിന്‍ ഇല്ലാതിരിക്കുമ്പോള്‍ ഇതെങ്ങനെയാണ് സാധിക്കുക? ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്.

പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പോലെയുള്ള സന്ദേശം കേള്‍പ്പിക്കുന്നതിനു പകരം പല സന്ദേശങ്ങള്‍ തയ്യാറാക്കി അവ കേള്‍പ്പിക്കണം. ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് കൊവിഡ് ബോധവത്കരണ പരിപാടികള്‍ തയ്യാറാക്കി ചാനലുകളില്‍ സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.

 

Top