ധ്യാനിന്റെ ‘ജയിലര്‍’ റിലീസ് മാറ്റിവച്ചു

കൊച്ചി: ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിന്റെ ജയിലര്‍ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാര്‍ത്ത. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തീയറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ.ബി.ജോര്‍ജിന്റെ പോസ്റ്റ് പ്രകാരം ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 18 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

നേരത്തെ മലയാളം ജയിലര്‍ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ചിത്രത്തിന് തീയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നും അദ്ദേഹം അന്ന് പറഞ്ഞത്. കാര്യമായ തീയറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം.

Top