കട്ടപ്പനയില്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു

കട്ടപ്പന: ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാപാരികള്‍ തടഞ്ഞു. നഗര സഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങി മാര്‍ക്കറ്റിനുള്ളില്‍ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയില്‍ നടക്കുന്നത്. രണ്ടു ദിവസം മുന്‍പ് കട്ടപ്പന നഗരസഭയില്‍ നിശ്ചിത തുക അടച്ച് പച്ചക്കറി മാര്‍ക്കറ്റിനുള്ളില്‍ ഷൂട്ടിംഗ് നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ അനുമതി വാങ്ങിയിരുന്നു.

രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാര്‍ക്കറ്റില്‍ എത്തി. ഈ സമയം ഒരു വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഒരു സംഘടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. ഷൂട്ടിംഗ് മുടങ്ങിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്നതിനാല്‍ പണം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. അതെ സമയം ചിത്രീകരണവേളയില്‍ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം. അണിയറ പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ തുക കച്ചവടക്കാര്‍ക്ക് വീതിച്ചു നല്‍കിയെന്നും ഇവര്‍ വ്യക്തമാക്കി.

Top