മലയാളി ഒളിമ്പ്യന്‍ മാനുവലിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌ക്കാരം മലയാളിയും മുന്‍ ഹോക്കി ഒളിമ്ബിക് താരവുമായ മാനുവല്‍ ഫ്രഡറിക്കിന് ലഭിച്ചു.കായിക പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന സമിതിയാണ് ശുപാര്‍ശ ചെയ്തത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും.

കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ബര്‍ണ്ണശ്ശേരിയില്‍ ജോസഫ് ബോവറുടേയും സാറയുടേയും മകനാണ്. മാത്രമല്ല ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഏക മലയാളിയാണ് മാനുവല്‍.1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ മാനുവലിന്റെ ഗോള്‍കീപ്പിംഗ് മികവിലാണ് ഭാരതം വെങ്കലമെഡല്‍ നേടിയത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ഹോക്കി കളിച്ച മാനുവല്‍ 15 മത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേരുകയും അവിടെ നിന്ന് മികച്ച പരിശീലനത്തോടെ 1971ല്‍ ഭാരത ടീമിലെത്തുകയുമായിരുന്നു. ഗോള്‍ കീപ്പറായി തന്നെ അരങ്ങേറ്റം കുറിച്ച മാനുവല്‍ 1972 ലാണ് ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തി പ്രസിദ്ധനായത്.ഏഴു വര്‍ഷം ഭാരതത്തിനായി കളിച്ച മാനുവല്‍ 1973ലെ ഹോളണ്ട് ലോകകപ്പിലും 1978ലെ അര്‍ജ്ജന്റീനയിലെ ലോകകപ്പിലും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.

ബോബി അലോഷ്യസ്, ടി.പി.പദ്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് മുന്‍പ് ധ്യാന്‍ ചന്ദ് പുരസ്‌ക്കാരം നേടിയിട്ടുള്ള മലയാളികള്‍.

Top