ധ്രുവ് മദ്യപിച്ചിരുന്നില്ല, ആരോപണങ്ങള്‍ക്കെതിരെ വിക്രമിന്റെ മാനേജറുടെ മുറുപടി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിക്രത്തിന്റെ മകന്‍ ധ്രുവ് ഓടിച്ച കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തേനാംപേട്ടിലായിരുന്നു അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളില്‍ ഇടിക്കുകയായിരുന്നു.

ധ്രുവിനെതിരെ പൊലീസ് കേസെടുത്തു എന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അപകടകരമാം വിധം വണ്ടി ഓടിച്ചത്തിനും, വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം വണ്ടിയോടിച്ചതിനുമാണ് ധ്രുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗുരുതുരമാണ്.

ധ്രുവ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ‘സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഞായറാഴ്ച്ച രാവിലെ മടങ്ങി വരുമ്പോഴാണ് ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത്.

സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും അതിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലായെന്ന് ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുിക്കുന്നത്.

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ധ്രുവ് മദ്യപിച്ചിരുന്നതായും അപകടത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തതതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് ഓട്ടോറിക്ഷക്കള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് സിനിമയായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണിത്.

Top