മത്സരം ഏതായാലും പ്രശ്‌നമില്ലെന്ന മനോഭാവമാണ് ധോണിയുടെ വിജയത്തിന് പിന്നില്‍

ബെംഗളൂരു: ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായുള്ള ധോണിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്.

മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവത്തോടെ ബാറ്റു ചെയ്യാന്‍ കഴിയുന്നതാണ് മഹേന്ദ്രസിങ് ധോണിയുടെ വിജയത്തിന് പിന്നിലെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഓരോ കാര്യം ചെയ്യുന്നതിനു മുന്‍പും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, അതൊന്നും ഒരു വിഷയമേയല്ല എന്ന രീതിയിലാണ് ധോണിയുടെ കളി. അദ്ദേഹത്തിന്റെ വിജയത്തിനു കാരണവും ആ ശൈലിയാണെന്ന് ദ്രാവിഡ് പറഞ്ഞു.

രാജ്യാന്തര കരിയറിലെ സുവര്‍ണ നാളുകളില്‍ ഇന്നിങ്‌സിന്റെ അവസാനം ധോണി ബാറ്റു ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സാകും അദ്ദേഹം കളിക്കുന്നത്. പക്ഷേ, മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന രീതിയിലാണ് അദ്ദേഹം ബാറ്റു ചെയ്യുക’ സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ ഒരു വിഡിയോകാസ്റ്റില്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘അത്തരമൊരു ശൈലി വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. അതിനായി പ്രത്യേക പരിശീലനം നേടേണ്ടി വന്നേക്കാം. എനിക്കൊന്നും ഒരിക്കലും ഇല്ലാതെ പോയൊരു മികവാണത്. എന്നെ സംബന്ധിച്ച് എല്ലാ കാര്യങ്ങളുടെയും അനന്തര ഫലം പ്രധാനപ്പെട്ടതാണ്. ധോണിയുടെ ഈ കഴിവ് സ്വാഭാവികമായി അദ്ദേഹത്തിന് ലഭിച്ചതാണോ അതോ കരിയറിനിടെ കഠിനാധ്വാനം ചെയ്ത് നേടിയതാണോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിച്ചാല്‍ രസകരമായിരിക്കുമെന്ന് ദ്രാവിഡ് പറഞ്ഞു.

Top