ധോണിയുടെ തിരിച്ചുവരവ് ഇനിയും നീളാന്‍ സാധ്യത

ന്യൂഡല്‍ഹി: എം.എസ്. ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളുമെന്നു സൂചന. സൈനിക സേവനത്തിനായി അവധിയില്‍ പ്രവേശിച്ച താരം ഈ വര്‍ഷം നവംബര്‍ വരെ ടീമിലേക്കു തിരിച്ചെത്തില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര എന്നിവയില്‍ ധോണി കളിക്കളത്തിലേക്കിറങ്ങില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലായിരിക്കും ഇനി ധോണി മടങ്ങിയെത്തുക.

അതേസമയം എം.എസ്. ധോണിയുടെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചു വിശദീകരിക്കാന്‍ ധോണിക്കു മാത്രമാണു സാധിക്കുക. പക്ഷേ ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ടീം ചിന്തിക്കണം. അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കുമ്പോള്‍ ധോണിക്കു പ്രായം 39 ആകുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍നിന്നു സ്വന്തം തീരുമാനപ്രകാരമാണ് ധോണി വിട്ടുനിന്നത്. രണ്ടു മാസത്തേക്കു ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ധോണി അന്നു പറഞ്ഞത്. ധോണി ഇക്കാര്യം അറിയിച്ച ജൂലൈ 21 മുതല്‍ പരിഗണിച്ചാല്‍ സെപ്റ്റംബര്‍ 21നു രണ്ടു മാസം പൂര്‍ത്തിയായി. ഇതിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെക്കുറിച്ചു നിരവധി അഭ്യൂഹങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. സീനിയര്‍ താരമായ ധോണിയെ സെലക്ടര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

Top