ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് മൂന്നു സീസണുകളിലേക്കു കൂടി നിലനിർത്തിയതായി റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകർക്കിടയിൽ വിരമിക്കൽ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചർച്ചകൾക്കൊടുവിൽ മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിർത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിർത്തിയത്. ഇതോടെ, അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ധോണി തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ധോണിക്കു പുറമെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ ഋതുരാജ് ഗെയ്‌‍ക്‌വാദ് എന്നിവരെയും ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുമെന്നാണ് വിവരം. ഐപിഎൽ 14–ാം സീസണിൽ ചെന്നൈ കിരീടം ചൂടുമ്പോൾ കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് ഗെയ്ക്‌വാദ്. ബിസിസിഐ ചട്ടപ്രകാരം പരമാവധി നാലു പേരെയാണ് ഒരു ടീമിനു നിലനിർത്താനാകുക. വിദേശ താരങ്ങളുടെ ക്വോട്ടയിൽ ഇംഗ്ലിഷ് താരം മോയിൻ അലിയെയും ചെന്നൈ നിലനിർത്തിയേക്കും. താരവുമായി ചെന്നൈ അധിക‍ൃതർ ചർച്ചയിലാണ്. അലിയുമായി ധാരണയിലെത്താനായില്ലെങ്കിൽ ഇംഗ്ലിഷ് താരം സാം കറനെയാകും ചെന്നൈ നിലനിർത്തുക.

അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ, ഐപിഎലിലെ തന്റെ വിരമിക്കൽ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതോടെ താരം ഇത്തവണ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി. അതേസമയം, താരങ്ങളെ നിലനിർത്തുന്നതിന് പണച്ചെലവ് ഏറെയായതിനാൽ, ചില ടീമുകൾ നാലു താരങ്ങളെ നിലനിർത്തിയേക്കില്ലെന്നും സൂചനകളുണ്ട്.

ഡൽഹി ക്യാപിറ്റൽസിനെ അടുത്ത സീസണിലും ഋഷഭ് പന്ത് തന്നെ നയിക്കുമെന്നാണ് സൂചന. പന്തിനൊപ്പം അക്ഷർ പട്ടേൽ, പ‍ൃഥ്വി ഷാ, ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർട്യ എന്നിവരെയാകും ഡൽഹി നിലനിർത്തുക. ക്യാപ്റ്റൻ സ്ഥാനത്തോടെ ടീമിൽ തുടരാൻ ശ്രേയസ് അയ്യർക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും പന്തിനെത്തന്നെ നായകസ്ഥാനത്ത് നിലനിർത്താനാണ് ഡൽഹി തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുംബൈ ഇന്ത്യൻസ് ഇത്തവണ ക്യാപ്റ്റൻ രോഹിത് ശർമയേയും പേസ് ബോളർ ജസ്പ്രീത് ബുമ്രയേയും നിലനിർത്തുമെന്നാണ് വിവരം. ഇഷാൻ കിഷനെയും നിലനിർത്തുമെന്ന് സൂചനകളുണ്ടെങ്കിലും ഉറപ്പില്ല. സൂര്യകുമാർ യാദവിനെ ലേലത്തിനു വിട്ടശേഷം വീണ്ടും സ്വന്തമാക്കാനാണ് ടീമിനു താൽപര്യം. ഒരു വിദേശതാരത്തെ നിലനിർത്താനുള്ള അവസരമുള്ളതിനാൽ, വിൻഡീസ് താരം കയ്റൻ പൊള്ളാർഡുമായി മുംബൈ അധികൃതർ ചർച്ചയിലാണ്.

ടീമിൽ പുതുതായി എത്തിയ ലക്നൗവും അഹമ്മദാബാദും ചില മുതിർന്ന ഇന്ത്യൻ താരങ്ങളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. പഞ്ചാബ് കിങ്സുമായി വേർപിരിയുമെന്ന് ഉറപ്പായ കെ.എൽ. രാഹുൽ ലക്നൗ ടീമിന്റെ നായകനാകുമെന്നാണ് വിവരം. സൂര്യകുമാർ യാദവുമായി പുതിയ ക്ലബ്ബുകൾ ചർച്ച നടത്തിയതായും സൂചനയുണ്ട്.

Top