വെസ്റ്റിന്‍ഡീസ് പര്യടനം; ടീമില്‍ നിന്ന് ധോണി പിന്മാറി പകരം ഋഷഭ് പന്ത്

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി. ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം അടുത്ത രണ്ടുമാസം ചെലവിടാനാണ് പര്യടനത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ധോണി ബിസിസിഐയെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്നന്റ് കേണലാണ് നിലവില്‍ ധോണി.

ഈ സാഹചര്യത്തില്‍ ഋഷഭ് പന്ത് വിന്‍ഡീസില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി- ട്വന്റി പരമ്പരകളില്‍ വിക്കറ്റ് കീപ്പറായേക്കും. മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. മൂന്ന് വീതം ഏകദിനവും ട്വന്റി- ട്വന്റിയും, രണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

ടീം പ്രഖ്യാപനം ഞായറാഴ്ച നടക്കാനിരിക്കെയാണ് ധോണി മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ധോണി പെട്ടെന്ന് ടീം വിടുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

Top