ധോണി തിരിച്ചെത്തി;രണ്ടാഴ്ചത്തെ സൈനിക സേവനം അവസാനിച്ചു

ന്യൂഡല്‍ഹി:ജമ്മുകശ്മീരിലെ സൈനിക സേവനം പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണി മടങ്ങി. ന്യൂഡല്‍ഹിയിലെത്തിയ ധോണിയെ സ്വീകരിക്കാന്‍ ഭാര്യ സാക്ഷിയും മകള്‍ സിവയും വിമാനത്താവളത്തിലുണ്ടായിരുന്നു.

ജൂലൈ 31നാണ് രണ്ടാഴ്ച്ച നീണ്ട സൈനിക സേവനത്തിനായി ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടി.എ ബറ്റാലിയനില്‍ ധോണി എത്തിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി. വിക്ടര്‍ ഫോഴ്സിന്റെ ഭാഗമായി കശ്മീര്‍ താഴ് വരയില്‍ പെട്രോളിങ്, ഗാര്‍ഡ് ആന്‍ഡ് പോസ്റ്റ് ഡ്യൂട്ടിയുടെ ചുമതലകള്‍ ധോണി വഹിച്ചു. ലഡാക്കിലാണ് സൈന്യത്തിനൊപ്പം ധോണി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

സൈന്യത്തിനൊപ്പം ചെലവഴിച്ച സമയങ്ങളിലെ ധോണിയുടെ വീഡിയോയും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ധോനിയുടെ ദൃശ്യങ്ങളായിരുന്നു ഏറ്റവും ഒടുവില്‍ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം.

Top