dhoni removed from the captain position of pune super gaints in new season

MS Dhoni

പുണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം പതിപ്പിന് തിരശീല ഉയരുമ്പോള്‍ , പുണെ സൂപ്പര്‍ ജയന്റ്‌സ് ടീം മാനേജ്‌മെന്റ് മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താകും ക്യാപ്റ്റനാകുന്നതെന്ന് സൂചന. അതേസമയം, ധോണിയെ ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് പുറത്താക്കിയതല്ല, അദ്ദേഹംതന്നെ സ്ഥാനമൊഴിഞ്ഞതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പേരില്‍ പ്രശസ്തനായ ധോണി ഐപിഎല്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെ, ക്യാപ്റ്റനെന്ന നിലയിലുള്ള പടിയിറക്കം പൂര്‍ണമാകും. ഏറെ മുന്‍പുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച ധോണി, അടുത്തിടെ ഏകദിന, ട്വന്റി20 ടീമുകളുടെയും ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഐപിഎല്ലില്‍ നിന്നും ക്യാപ്റ്റനെന്ന നിലയിലുള്ള പടിയിറക്കം.

കഴിഞ്ഞ ഒന്‍പതു സീസണുകളിലും ക്യാപ്റ്റനെന്ന നിലയിലാണ് ധോണി രംഗത്തുണ്ടായിരുന്നത്. 2008 മുതല്‍ 2015 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച ധോണി, ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ടീമിനെ വിലക്കിയതോടെ 2016ല്‍ പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനായി. നായകനെന്ന നിലയില്‍ 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ധോണി, 2010, 2014 വര്‍ഷങ്ങളില്‍ ചാംപ്യന്‍സ് ലീഗ് ട്വന്റി20യിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു.

എന്നാല്‍, കഴിഞ്ഞ സീസണില്‍ ധോണിക്കു കീഴില്‍ പുണെ സൂപ്പര്‍ ജയന്റ്‌സിന്റേത് ദയനീയ പ്രകടനമായിരുന്നു. 14 മല്‍സരങ്ങളില്‍ അഞ്ചു മല്‍സരങ്ങള്‍ മാത്രം ജയിച്ച ധോണിയുടെ പുണെയ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റുകൊണ്ട് ധോണിയുടേതും മോശം പ്രകടനമായിരുന്നു. ഐപിഎല്‍ സീസണുകളിലെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം കാഴ്ചവച്ച ധോണിക്ക് 14 മല്‍സരങ്ങളില്‍നിന്ന് ഒരേയൊരു അര്‍ധസെഞ്ചുറിയോടെ നേടാനായത് 284 റണ്‍സ് മാത്രം.

Top