ക്രിക്കറ്റ് ലോകത്തെ മികച്ച ക്യാപ്റ്റന്‍ ധോണി; കാരണങ്ങള്‍ എണ്ണിപ്പറ‌ഞ്ഞ് ബ്രാഡ് ഹോഗ്

സിഡ്‌നി: മഹേന്ദ്ര സിംഗ് ധോണിയാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. റിക്കി പോണ്ടിംഗിനും മുകളിൽ ധോണിയെ വയ്ക്കാൻ ഹോഗിന് ഒരു കാരണമുണ്ട്.

ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച നായകനാര്? പലർക്കും പല ഉത്തരമാണുള്ളത്. ഓസ്ട്രേലിയൻ മുൻതാരം ബ്രാഡ് ഹോഗ് രണ്ട് പേരുകളാണ് മുന്നിൽ വയ്ക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും റിക്കി പോണ്ടിംഗും. മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് ധോണി. 2007ൽ പ്രഥമ ട്വന്‍റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ധോണി ടീം ഇന്ത്യക്ക് സമ്മാനിച്ചു. മൂന്ന് കിരീട നേട്ടത്തിലുമെത്തിയ ഒരേയൊരു ക്യാപ്റ്റനാണ് എംഎസ്‌ഡി. 2003ലും 2007ലും ഓസ്ട്രേലിയ ലോകകപ്പ് നേടിയത് റിക്കി പോണ്ടിംഗിന് കീഴിൽ. അന്ന് പോണ്ടിംഗിന്റെ ടീമംഗമെങ്കിലും ധോണിക്കാണ് ക്യാപ്റ്റൻസിയിൽ ഹോഗിന്റെ ഫുൾ മാർക്ക്. പോണ്ടിംഗിനേക്കാൾ കൂടുതൽ പ്രതിസന്ധികൾ മറികടന്നാണ് ധോണി നേട്ടത്തിലെത്തിയതെന്നാണ് ഹോഗിന്റെ വിലയിരുത്തൽ. ഇന്ത്യൻ ക്രിക്കറ്റിലെ രാഷ്‍ട്രീയത്തെക്കൂടി ധോണിക്ക് നേരിടേണ്ടിവന്നെന്നാണ് ഹോഗ് പറയുന്നത്.

ഐപിഎൽ പതിനാറാം സീസണിൽ റിഷഭ് പന്ത് ഓപ്പണിംഗിലേക്ക് മാറണമെന്നും ഹോഗ് പറയുന്നു. ഡെൽഹി ക്യാപിറ്റൽസ് പരിശീലകനായ റിക്കി പോണ്ടിംഗ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കാൻ തയ്യാറാകണം. പവർപ്ലേയിൽ പന്തിന് മികവ് കാട്ടാനാകുമെന്നും നിലവിലെ ഫോംഔട്ട് മറികടക്കാനാകുമെന്നും ഹോഗ് കരുതുന്നു. സമീപകാലത്തെ ഫോമില്ലായ്‌മയ്ക്ക് ഏറെ വിമര്‍ശനം കേട്ട താരമാണ് റിഷഭ് പന്ത്.

രാജ്യാന്തര കരിയറില്‍ അസൂയാവഹമായ നേട്ടങ്ങള്‍ ക്യാപ്റ്റനായും താരമായും എം എസ് ധോണിക്കുണ്ട്. 90 ടെസ്റ്റില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ 1617 റണ്‍സുമാണ് എംഎസ്‌ഡിയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 234 മത്സരങ്ങളില്‍ 4978 റണ്‍സും ധോണിയുടെ പേരിനൊപ്പമുണ്ട്. ഇതിനൊപ്പം ക്യാപ്റ്റന്‍സി മികവും ധോണിയെ വ്യത്യസ്തനാക്കുന്നു. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

Top