ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്മയ വിക്കറ്റ് കീപ്പറും; റെയ്‌ന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം.സ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് റെയ്‌ന. ‘ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്മയ വിക്കറ്റ് കീപ്പറും എക്കാലത്തെയും മികച്ച ഫിനിഷറുമാണ്. ട്വന്റി- 20 ലോകകപ്പില്‍ ധോണി ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും’ എന്നാണ് റെയ്‌ന വ്യക്തമാക്കിയിരിക്കുന്നത്.

വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും നടന്ന മത്സരത്തിലും കളത്തിലിറങ്ങാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. അതേസമയം സൈനിക സേവനത്തിനായി അവധിയില്‍ പ്രവേശിച്ച താരം ഈ വര്‍ഷം നവംബര്‍ വരെ ടീമിലേക്കു തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അങ്ങനെയാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര എന്നിവയില്‍ ധോണി കളിക്കില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലായിരിക്കും ഇനി ധോണി മടങ്ങിയെത്തുക എന്നാണ് സൂചന.

ധോണിയുടെ അസാന്നിധ്യത്തില്‍ യുവ താരം ഋഷഭ് പന്തിനെ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറായി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാരും മാനേജ്മെന്റും. എന്നാല്‍ പന്ത് ഫോമില്ലായ്മ തുടരുന്നതോടെ ധോണിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. സീനിയര്‍ താരമായ ധോണിയെ സെലക്ടര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നു സ്വന്തം തീരുമാനപ്രകാരമാണ് ധോണി വിട്ടുനിന്നത്. രണ്ടു മാസത്തേക്കു ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ധോണി അന്നു പറഞ്ഞത്. ധോണി ഇക്കാര്യം അറിയിച്ച ജൂലൈ 21 മുതല്‍ പരിഗണിച്ചാല്‍ സെപ്റ്റംബര്‍ 21നു രണ്ടു മാസം പൂര്‍ത്തിയായി. ഇതിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകരും.

Top