ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് ഡ്രൈവ് ചെയ്ത് ധോണി; വൈറലായി ചിത്രങ്ങള്‍

ന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ ധോണിയുടെ ജീപ്പ് ഡ്രൈവിന്റെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ധോണി ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡല്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ സജീവ സാന്നിധ്യമാണെങ്കിലും ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് ആദ്യമായി ഇന്ത്യയിലെത്തിച്ചത് ധോണിയാണ്.

ആഡംബര പെര്‍ഫോമെന്‍സ് കാറുകളുടെ വലിയ ശേഖരം തന്നെ ധോണിയുടെ പക്കലുണ്ട്. ഫെരാറി 599, ഹമ്മര്‍ ജി2, ഔഡി ക്യൂ7 തുടങ്ങിയ ഫോര്‍ വീല്‍ മോഡലുകളും കവസാക്കി നിഞ്ച എച്ച്2, ഹെല്‍കാറ്റ്, സുസുക്കി ഹയാബുസ തുടങ്ങിയ നിരവധി ഇരുചക്ര വാഹനങ്ങളും അദ്ദേഹത്തിന്റെ വാഹന ശേഖരത്തില്‍ പെടും. ഓഗസ്റ്റ് ആദ്യവാരമാണ് ധോണി ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക് സ്വന്തമാക്കിയത്.

ജീപ്പിന്റെ പെര്‍ഫോമെന്‍സ് എഡിഷന്‍ വാഹനമായ ചെറോക്കി ട്രാക്ക്‌ഹോക്കിന് 1.12 കോടി രൂപയാണ് ഇന്ത്യയിലെ വില. ഇന്ത്യയില്‍ വില്‍പനയ്ക്കില്ലാത്ത ഈ മോഡല്‍ ധോണിക്ക് വേണ്ടി ഇറക്കുമതി ചെയ്യുകയായിരുന്നു. കരുത്തേറിയ 6.2 ലിറ്റര്‍ വി8 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 707 ബിഎച്ച്പി പവറും 875 എന്‍എം ടോര്‍ക്കുമേകുന്ന ചെറോക്കി 3.62 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും.

Top