ധോണി 10000 റണ്‍സ് ക്ലബിലെത്തുമോയെന്ന് പ്രതീക്ഷയോടെ ആരാധകര്‍

dhoni

ദുബായ്: കണക്കുകള്‍ തീര്‍ക്കാനാണ് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇറങ്ങുന്നത്. ആധിപത്യം ഊട്ടിയുറപ്പിക്കുവാനാണ് ഇന്ത്യയുടെ വരവ്. അതിനിടയില്‍ ധോണിക്ക് മുന്നില്‍ നില്‍ക്കുകയാണ് രണ്ട് റെക്കോര്‍ഡുകള്‍. ഏകദിനത്തില്‍ 10000 റണ്‍സ് എന്ന നാഴിക കല്ലാണ് ധോണിയ്ക്ക് മുന്നിലുള്ളത്.

പതിനായിരം റണ്‍സ് ക്ലബില്‍ ധോണി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. പക്ഷേ ഏഷ്യ ഇലവനെതിരെ നേടിയ 174 റണ്‍സാണ് ധോണിയെ 10000 റണ്‍സ് തൊടാന്‍ സഹായിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം കളിച്ച് 10000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ ധോണിക്ക് 95 റണ്‍സ് കൂടി മതി.

ഇന്ന് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ധോണി 10000 റണ്‍സ് ക്ലബിലെത്തുമോയെന്ന് കൂടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് പുറമെ, വിക്കറ്റ് കീപ്പിങ്ങിലും ഒരു നേട്ടം ധോണിയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നുണ്ട്.

വിക്കറ്റിന് പിന്നില്‍ അഞ്ച് ക്യാച്ചുകള്‍ കൂടി എടുത്താല്‍ രാജ്യാന്തര ക്രിക്കറ്റിലെ ധോണിയുടെ ഇരകളുടെ എണ്ണം എണ്ണൂറിലേക്കെത്തും. ക്രിക്കറ്റില്‍ 800 പേരെ പുറത്താക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാകും ധോണി.

Top