ധീരജിന്റെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇടുക്കി മജിസ്‌ട്രേറ്റിന് മുന്‍പിലാണ് ഹാജരാക്കുക. ഇവരുടെ കസ്റ്റഡി അപേക്ഷയും പോലീസ് സമര്‍പ്പിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരിക്കും പോലിസ് ഇന്ന് ഇടുക്കി കോടതിയില്‍ പ്രതികളെ ഹാജരാക്കുക. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആര്‍. എന്നാല്‍ കേസില്‍ ഗൂഢാലോചന നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ധീരജിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കണ്ടാലറിയാവുന്ന നാല് പേരും പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അതേ സമയം ആക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമല്‍ എന്നിവര്‍ അപകടനില തരണം ചെയ്തു.

Top