ധീരജ് സിങ് ഇനി മുതല്‍ കൊല്‍ക്കത്തയുടെ വല കാക്കും

കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പറും കൗമാര താരവുമായ ധീരജ് സിങ് ഇനി മുതല്‍ കൊല്‍ക്കത്തയുടെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തേക്കുള്ള കരാറില്‍ താരം ഒപ്പു വച്ചതായാണ് പുറത്തു വരുന്ന വിവരം. ഒരു കൗമാര താരം ദീര്‍ഘകാല കരാറില്‍ ഒപ്പിടുന്നത് ഐസ്എല്ലില്‍ ആദ്യമായാണ്.

രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിലൂടെയാണ് ധീരജ് ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ താരത്തെ സ്വന്തമാക്കാന്‍ അന്നു മുതല്‍ തന്നെ പല ടീമുകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ധീരജ് എത്തിയതാകട്ടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍കീപ്പര്‍മാരില്‍ ആദ്യ ചോയിസ് എന്ന നിലയിലായിരുന്നു ധീരജിന്റെ സ്ഥാനം. ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളിലാണ് താരം ഗോള്‍ കീപ്പറായത്. അടുത്ത സീസണിലും ധീരജ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലുണ്ടാവുമെന്ന ആരാധകരുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതാകുന്നത്.

Top