കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തക ദയാഭായി സിംഗുവിലെത്തി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ നടത്തുന്ന സമരം 20-ാം ദിവസത്തിലേക്ക് കടന്നു. കല-കായിക രംഗത്തുള്ള നിരവധി പ്രമുഖരാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സാമൂഹ്യ പ്രവർത്തക ദയാഭായിയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിംഗുവിലെത്തിയിരിക്കുകയാണ്.

മധ്യപ്രദേശിലായിരുന്ന ദയാഭായി സുഹൃത്തുക്കൾ വഴിയാണ് കർഷക സമരത്തെക്കുറിച്ച് അറിയുന്നത്. സമരത്തെക്കുറിച്ച് കേട്ടപ്പോൾ മുതൽ ഏറെ അസ്വസ്ഥയായി. സമരത്തിന്റെ വേറിട്ട മുഖം സമരമുഖത്തേക്ക് എത്തിച്ചേരുന്നതിന് കൂടുതൽ പ്രചോദനം
നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ താൻ കേരളത്തിലെ കർഷകരോട് സമരത്തിൽ അണി ചേരാനും ഇത് ഒരു വലിയ സമര പ്രസ്ഥാനമാക്കി മാറ്റാനും സംസാരിച്ചിരുന്നു. എന്നാൽ അവർ അതിന് തയാറായില്ലെന്ന് ദയാഭായി പറഞ്ഞു.

സമരം നയിക്കുന്ന കർഷകരിൽ ഇച്ഛാശക്തിയും അച്ചടക്കവും കാണുന്നുണ്ട് ഐക്യവും കാണുന്നു. വിമർശിക്കുന്ന പലരും കാര്യങ്ങൾക്ക് നേരെ പ്രതികരിക്കാറില്ല. കർഷകർക്ക് അനുകൂലമല്ലാത്ത ഈ നിയമമാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ പലരും പ്രതികരിക്കാതെ ഇരിക്കുന്നു. ഇതൊരു ജനാധിപത്യ സംവിധാനമാണ് ഇവിടെ പ്രതികരിക്കാനുള്ള ശേഷിയാണ് വേണ്ടതെന്നും ദയാഭായി കൂട്ടിച്ചേർത്തു. സമരം ഇന്ത്യ മുഴുവനും വ്യാപിക്കണമെന്നാണ് അഭിപ്രായം. പാല്, അന്നം എന്നിവ ഉണ്ടാക്കുന്ന കർഷരെ ഇല്ലായ്മ ചെയ്തിട്ട് കമ്പനികളെ ഉയർത്തികൊണ്ടു വരാനുള്ള ശ്രമങ്ങൾ അനുവദിക്കാൻ പാടില്ലെന്നും ദയാഭായി പറഞ്ഞു.

Top