കേരളം ബിജെപി ഇതര സംസ്ഥാന ഗവണ്‍മന്റുകള്‍ക്ക് മാതൃകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

തിരുവനന്തപുരം : കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബിജെപി ഇതര സംസ്ഥാന ഗവണ്‍മന്റുകള്‍ക്ക് മാതൃകയാണെന്ന് പെട്രോളിയം-പ്രകൃതിവാതക -ഉരുക്ക് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയൊരു നേട്ടമാണ്, വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. സംസ്ഥാനത്ത് കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരള സര്‍ക്കാരിന്റെയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കോഴിക്കോട് സെയില്‍-എസ്.സി.എല്‍ കേരളാ ലിമിറ്റഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തില്‍ സെയിലിന്റെ റീട്ടെയില്‍ ശൃംഖല സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top