ഷംനയുടെയും മിയയുടെയും നമ്പര്‍ ചോദിച്ചു; ധര്‍മജന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ പ്രതികള്‍ക്ക് കൊടുത്തതെന്നും ധര്‍മജന്‍ പറഞ്ഞു.

തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കേസില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Top