പനമ്പള്ളിനഗറില്‍ എത്തിയാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാകം ചെയ്ത മീന്‍കറി കഴിയ്ക്കാം..!

ഭിനയത്തിനു പുറമേ വിഷരഹിത മത്സ്യവില്‍പ്പനയില്‍ ഹിറ്റായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാചകരംഗത്തും ഒരു കൈ നോക്കുകയാണ്. ‘ധര്‍മ്മോസ്’ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഷോറൂമായ പനമ്പള്ളി നഗറിലാണ് നടന്‍ ധര്‍മ്മജന്‍ തന്നെ മത്സ്യങ്ങള്‍ പാചകം ചെയ്ത് നല്‍കുന്നത്.

വിഷരഹിത മത്സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനിടെയാണ് ‘ധര്‍മ്മോസ്’ ഫിഷ് ഹബ്ബ് പുതിയ സംരംഭത്തിന് കൂടി തുടക്കമിടുന്നത്. ധര്‍മ്മജന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. ധര്‍മ്മോസ് ഫിഷ് ഹബ്ബില്‍ എത്തുന്നവര്‍ ഇഷ്ട മത്സ്യങ്ങളെ കഴിക്കാന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. പിന്നെ ഞൊടിയിടയില്‍ തന്നെ നല്ല ഒന്നാന്തരം മീന്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് രുചിയോടെ തീന്‍ മേശയില്‍ ഒരുക്കി തരുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.

വിഷരഹിത മത്സ്യങ്ങള്‍ ഇവിടെ നിന്ന് വില്‍ക്കുകയും ചെയ്യുന്നു. വടുതല ചിറ്റൂരില്‍ ‘ധര്‍മ്മോസ്’ഫിഷ് ഹബ്ബ് എന്ന പേരില്‍ മത്സ്യ വില്‍പ്പന നടത്തിയിരുന്ന ധര്‍മ്മജന്‍ ഇതിന്റെ ഫ്രാഞ്ചൈസികള്‍ സുഹൃത്തുക്കളെ എല്‍പ്പിച്ചിരുന്നു. സിനിമാതാരങ്ങളായ വിജയരാഘവന്‍, ടിനി ടോം, രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ധര്‍മ്മോസ് ഫിഷ് ഹബ്ബിന്റെ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

തന്റെ മത്സ്യ വില്‍പ്പന വന്‍ ഹിറ്റായെന്ന പ്രതീക്ഷയില്‍ തന്നെയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കുറഞ്ഞ വിലയിലും വിഷരഹിത മത്സ്യം വില്‍പ്പന നടത്താന്‍ കഴിയുമെന്ന് ഇതിലൂടെ തെളിയിച്ചതായി ധര്‍മ്മജന്‍ പറയുന്നു. അഭിനയ മേഖല വിട്ട് സിനിമാ താരങ്ങളില്‍ ചിലര്‍ വിവിധ വ്യവസായങ്ങളിലേക്ക് കടക്കുമ്പോഴാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഈ വ്യത്യസ്തമായ മേഖലകള്‍ തിരഞ്ഞെടുക്കുന്നത്.

Top