കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ധാരാവി അടച്ചിടുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

മുംബൈ: കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം.

ഇന്നലെ ആറ് പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗികള്‍ 13 ആയി ഉയര്‍ന്നു. അതേസമയം കോവിഡ് ബാധിച്ച് രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് ഈ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതെന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം ഇപ്പോള്‍
പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്. ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ ഇവിടെ പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം ധാരാവിയിലെ ഒരു താമസക്കാരന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വസായിക്കടുത്ത് ബോയ്‌സറിലെ സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ചുമയും ശരീരക്ഷീണവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ ഇപ്പോള്‍ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്.

Top