ധനുഷ് ചിത്രം ‘വട ചെന്നൈ’യുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു: സന്തോഷ് നാരായണന്‍

vada-chennai

ചെന്നൈ: വെട്രിമാരന്‍ – ധനുഷ് ചിത്രം വട ചെന്നൈയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നതായി സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. ഈ ഇതിഹാസ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ലോക്കല്‍ സംഗീതം ഈ സിനിമയിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷം പങ്കുവെക്കുന്നു. എന്നാണ് സന്തോഷ് നാരായണന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിന്റെ വട ചെന്നൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിന് വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാര്‍. അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

ധനുഷിന്റെ ജന്മദിനമായ ജൂലൈ 28 ന് വട ചെന്നൈയുടെ ട്രെയിലര്‍ പുറത്തിറങ്ങും. പൊല്ലാതവന്‍ ,ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രി മാരന്റെ സംവിധാനത്തില്‍ അടുത്ത ധനുഷ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്.

Top