ധനുഷിന്റെ ‘നാനേ വരുവേൻ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉടൻ എത്തും

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ‘നാനേ വരുവേൻ’ ഒടിടി റിലീസിന് ഒരുങ്ങുവാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ആമസോണ്‍ പ്രൈം വീഡിയോയിയില്‍ ‘നാനേ വരുവേൻ’ ഉടൻ സ്‍ട്രീം ചെയ്‍ത് തുടങ്ങുമെന്നാണ് മൂവി ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധായകനായ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് എന്നു മുതലായിരിക്കുമെന്ന വിവരം പുറത്തുവന്നിട്ടില്ല. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്.

‘നാനേ വരുവേൻ’ എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.

Top