‘വടാ ചെന്നൈ’ ടീസര്‍; ആരാധകര്‍ക്ക് നന്ദി അറിയിച്ച് ധനുഷ്

vada-chennai

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് വടാ ചെന്നൈ. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായാണ് വടാ ചെന്നൈ എത്തുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ധനുഷിനെയും വാടാ ചെന്നൈയെയും പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

യൂട്യൂബില്‍ നാല് ദിവസത്തിനുള്ളില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരാണ് ഇതിനോടകം വടാ ചെന്നൈക്ക് ഉള്ളത്. ഇത്രയധികം പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചതില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ധനുഷ്. ട്വിറ്ററിലൂടെയാണ് ധനുഷ് നന്ദി അറിയിച്ചത്.

ധനുഷ് വ്യത്യസ്തമായ വേഷപകര്‍ച്ചയിലാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് കാലഘട്ടത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടീസറില്‍ സന്തോഷ് നാരായണന്റെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നില്‍ക്കുന്നുണ്ട്.

പൊല്ലാതവന്‍ ,ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രി മാരന്റെ സംവിധാനത്തില്‍ അടുത്ത ധനുഷ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണിത്. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍.

Top