സൂപ്പർസ്റ്റാർ രജനീകാന്തിനും മീതെയാണ് മരുമകൻ ധനുഷ് ! ഹോളിവുഡിലും സൂപ്പർ

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ഇതുവരെ സാധ്യമാകാത്ത ദേശീയ അവാര്‍ഡ് വളരെ ചെറിയ പ്രായത്തില്‍ തന്നെ നേടിയ താരമാണ് ധനുഷ്. തന്റെ പുതിയ ഹോളിവുഡ് സിനിമയിലൂടെ വീണ്ടുമൊരു ചരിത്രനേട്ടമാണ് ഈ തമിഴ് താരം ലക്ഷ്യമിടുന്നത്.

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ ജൂണ്‍ 21നാണ് റിലീസ് ചെയ്യുന്നത്. ധനുഷിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ സിനിമയില്‍ പ്രതീക്ഷ വളരെ വലുതാണ്.ഇന്ത്യക്കു പുറമെ അമേരിക്ക, ക്യാനഡ, ബ്രിട്ടണ്‍, സിംഗപ്പുര്‍, മലേഷ്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.


ഇവിടെ പക്കീരി എന്ന പേരിട്ട ചിത്രം ഇതേദിനത്തില്‍ തെന്നിന്ത്യ കീഴടക്കാനെത്തും. ഫ്രഞ്ച് എഴുത്തുകാരന്‍ റോമിന്‍ പ്യൂര്‍ടോളാസിന്റെ ജനപ്രിയ നോവലിന്റെ ചലചിത്രാഖ്യാനം വന്‍ പ്രതീക്ഷയോടെയാണ് യുറോപ്യന്‍ ആരാധകരും കാത്തിരിക്കുന്നത്. കനേഡിയന്‍ തിരക്കഥാകൃത്തും സംവിധായകനുമായ കെന്‍കോട്ട് ആണ് സിനിമ ചെയ്തിരിക്കുന്നത്. മുബൈക്കാരനായ അജാതശത്രു തന്റെ അജ്ഞാതനായ പിതാവിനെത്തേടി പാരീസിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രാന്‍സ്, യു.കെ, സ്പെയിന്‍, ഇറ്റലി, ലിബിയ വഴിയാണ് അജാതശത്രു പാരീസിലെത്തുന്നത്. ഈ യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ ചലചിത്രോത്സവത്തിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷത്തെ കാന്‍ മേളയിലായിരുന്നു സിനിമയുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്തിരുന്നത്. ഇതിനോടകം സ്പെയിനില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. സിനിമയുടെ ഇന്ത്യന്‍ റിലീസിനെ ഏറെ പ്രതീക്ഷയോടെയാണ് ധനുഷും കാത്തിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ നിരവധി താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ധനുഷിന് ദേശീയ പുരസ്‌ക്കാരം നേടികൊടുത്ത സംവിധായകന്‍ വെട്രിമാരന്റെതാണ് ധനുഷിന്റെ അടുത്ത ചിത്രം. ‘അസുരന്‍’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ധനുഷ് അച്ഛനായും മകനായും എത്തുന്നുണ്ട്. നടി മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

2002ലാണ് ധനുഷ് ആദ്യമായി സിനിമാരംഗത്തക്ക് കാലെടുത്ത് വയ്ക്കുന്നത്. തുള്ളുവതോ ഇളമൈ എന്ന ആ സിനിമ വമ്പന്‍ ഹിറ്റായിരുന്നു. കേരളത്തില്‍ പോലും വലിയ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു അത്. സഹോദരനും സംവിധായകനുമായ ശെല്‍വരാഘവനായിരുന്നു സംവിധായകന്‍. പിന്നീട് പുറത്തിറങ്ങിയ ‘കാതല്‍ കൊണ്ടേന്‍’ എന്ന സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു.

2003-ല്‍ ഛായാ സിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചിത്രം തമിഴകത്ത് ധനുഷിന് നായക പരിവേഷം നല്‍കപ്പെട്ടു. ഇതിനു ശേഷം നിരവധി സിനിമകള്‍ ധനുഷിന്റേതായി പിറന്നു. അതില്‍ പരാജയപ്പെട്ട സിനിമകളും ഉണ്ടായിരുന്നു. 2007 ല്‍ പുറത്തിറങ്ങിയ ‘പൊല്ലാതവന്‍’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറില്‍ വഴിതിരിവായി. തുടര്‍ന്ന് യാരടി നീ മോഹിനി, പഠിക്കാത്തവന്‍, ഉത്തമപുത്തിരന്‍ ,ശീടന്‍, ആടുകുളം, മാപ്പിളൈ എന്നീ സിനിമകളും വലിയ വിജയങ്ങളായി മാറി. ആടുകളത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ഭാര്യ.

Top