ധനുഷ് ചിത്രം ‘ക്യാപ്റ്റന്‍ മില്ലര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്റി കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സര്‍) ഈ വര്‍ഷം ധനുഷിന്റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഒരു യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷിന്റെ കഥാപാത്രമാണ് പോസ്റ്ററില്‍. പോരാടി വീണവരുടെ ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ക്യാപ്റ്റന്‍ മില്ലര്‍ മാത്രമാണ് ജീവനോടെ നില്‍ക്കുന്ന ഒരേയൊരാള്‍. വിദൂരതയില്‍ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അരുണ്‍ മാതേശ്വരന്‍ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്റെ തമിഴ് സംഭാഷണ രചയിതാവുമാണ്.

മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, സംഗീതം ജി വി പ്രകാശ് കുമാര്‍. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top