ആദ്യ പ്രണയത്തെ ഓര്‍മിപ്പിച്ച് ജാന്‍വിയും ഇഷാനും ധടകിലെ ഗാനം കാണാം

നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയ മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദി പതിപ്പും അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രവുമായ ധടകിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. പെഹലി ബാര്‍ എന്നു തുടങ്ങുന്ന ഗാനം അജയ് ഗോഗാവലെയാണ് ആലപിച്ചിരിക്കുന്നത്.

അജയ് , അതുല്‍ എന്നിവരാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. മധുകര്‍, പാര്‍ത്തവി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറാത്തി ചിത്രത്തിലെ യാദ് ലഗ്ലയുടെ റീമേക്കാണ് ഈ ഗാനം. ജൂലൈ 20ന് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ഷാഹിദ് കപൂറിന്റെ സഹോദരനും, ബിയോണ്‍ഡ് ദ ക്ലൗഡ്‌സിലെ നായകനുമായ ഇഷാന്‍ ഖട്ടറാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത് ശാലിനി കപൂറാണ്. ശശാങ്ക് ഖൈത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാര്‍ത്ഥ്‌വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിര്‍ക്കുന്നതോടയുണ്ടാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Top