DGP’s position; Cabinet leave the decision to the Chief

തിരുവനന്തപുരം : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ക്രമംവിട്ട് ഡി.ജി.പി മാരായി ഉയര്‍ത്തിയ നാല് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

മൂന്ന് മാസം മുന്‍പ് ഡി.ജി.പി മാരായി പ്രൊമോട്ട് ചെയ്ത എ.ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, എന്‍.ശങ്കര്‍ റെഡ്ഡി, മുഹമ്മദ് യാസിന്‍ എന്നിവരെ എ.ഡി.ജി.പി മാരായി തരംതാഴ്ത്താന്‍ എടുത്ത തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ചാണ് അന്തിമ തീരുമാനത്തിന് പൊതുഭരണ വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്ക് വിട്ടത്.

നാല് മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയാണെങ്കില്‍ ഇതേ രൂപത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കിയ 6 ഐ.എ.എസ് കാരുടെ കാര്യത്തിലും സമാനമായ തീരുമാനമുണ്ടാകണമെന്ന അഭിപ്രായവും ഒറ്റയടിക്ക് തീരുമാനമെടുക്കുന്നതില്‍ നിന്ന് മന്ത്രിസഭയെ പിറകോട്ടടിപ്പിച്ചതായാണ് സൂചന.

ആറ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ഐ.എ.എസുകാര്‍ക്ക് ഒരു നിയമവും ഐ.പി.എസു കാര്‍ക്ക് മറ്റൊരു നിയമവും അടിച്ചേല്‍പ്പിക്കുന്നത് വിവാദമാകുമെന്ന് കണ്ട് കൂടിയാണ് പുതിയ തീരുമാനം.

ആറ് മാസത്തേക്ക് കേഡര്‍ തസ്തിക സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചന അധികാരമുപയോഗിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ സീനിയര്‍ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയിരുന്നത്.

തീരുമാനം വന്ന് മൂന്ന് മാസമേ ആയിട്ടുള്ളു എന്നതിനാല്‍ ആറ് മാസം കാലാവധി കഴിഞ്ഞാല്‍ ഇരു വിഭാഗത്തിന്റെയും ഉദ്യോഗക്കയറ്റ തീരുമാനം പുതുക്കാതെ നിലപാട് സ്വീകരിക്കാമെന്ന അഭിപ്രായവും സര്‍ക്കാര്‍ തലത്തിലുണ്ട്.

മറിച്ചായാല്‍ ഐ.പി.എസുകാരുടെ ഉദ്യോഗക്കയറ്റം മാത്രം റദ്ദാക്കിയാല്‍ അവര്‍ സെന്‍ട്രല്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.

കാര്യമെന്തായാലും പന്ത് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയുടെ ക്വാര്‍ട്ടിലാണ്. അദ്ദേഹം ഇക്കാര്യത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃന്ദം ഉറ്റുനോക്കുന്നത്.

ചൊവ്വാഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ 4 ഡി.ജി.പി മാരെ എ.ഡി.ജി.പി മാരായി തരംതാഴ്ത്തുമെന്ന് വിവരം ലഭിച്ചതോടെ ഐ.പി.എസ് ഉന്നതര്‍ ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്ത് വരികയായിരുന്നു.

സമാന രൂപത്തില്‍ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.എ.എസ് കാരെ വെറുതെ വിട്ട് ഐ.പി.എസുകാരെ മാത്രം തെരഞ്ഞ് പിടിക്കുന്നതിന്റെ യുക്തിയാണ് സര്‍ക്കാരിന് മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടത്.

അതേസമയം വിഷയത്തില്‍ ഏത് സമയവും തീരുമാനം പ്രതീക്ഷിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top