പൊലീസില്‍ സ്ഥാനക്കയറ്റത്തിനു കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയുടെ കത്ത്

തിരുവനന്തപുരം : സ്ഥാനക്കയറ്റത്തിലൂടെ ഉയര്‍ന്ന പദവി ലഭിക്കുന്നതിന് പൊലീസുകാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സര്‍വീസ് കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

സിവില്‍ പൊലീസ് ഓഫിസറായി സര്‍വീസില്‍ കയറുന്ന ഉദ്യോഗസ്ഥന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പദവി ലഭിക്കാന്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എഎസ്‌ഐ ആകാന്‍ 22 വര്‍ഷവും എഎസ്‌ഐയ്ക്ക് എസ്‌ഐ പദവി ലഭിക്കാന്‍ 27 വര്‍ഷവും സര്‍വീസ് പൂര്‍ത്തിയാക്കണം. ആംഡ് ബറ്റാലിയനിലെ പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒഴികെയുള്ളവര്‍ക്ക് ഇത് യഥാക്രമം 12,20,25 ആക്കി കുറയ്ക്കണമെന്ന് കത്തില്‍ പറയുന്നു.

ഉയര്‍ന്ന പദവി ലഭിക്കാനുള്ള സര്‍വീസ് കാലയളവ് കുറയ്ക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസവും കാര്യക്ഷമതയും ഉയര്‍ത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉയര്‍ന്ന പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും. ഈ മാറ്റങ്ങളിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top