ഡി.ജി.പി തിരഞ്ഞെടുപ്പിന് മുന്‍പേ തെറിക്കും, പകരം ആര് ??

തിരുവനന്തപുരം: കാലാവധി കഴിഞ്ഞാലും പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്ക് സംസ്ഥാനത്ത് ഉന്നത പദവി നല്‍കുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി ജഡ്ജിയുടെ റാങ്കുള്ള മുഖ്യ വിവരാവകാശ കമ്മിഷണര്‍, നെടുമ്പാശേരി വിമാനത്താവളത്തിന്റെ എം.ഡി പദവികളിലേക്ക് ബെഹറയെ പരിഗണിക്കുന്നുണ്ട്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലെ എം.ഡി വി.ജെ കുര്യന്റെ കാലാവധി അടുത്ത ജൂണില്‍ അവസാനിക്കും. 2017ല്‍ വിരമിച്ച കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ബെഹറ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതും ജൂണിലാണ്. നവംബറിലാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ വിരമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും. നിലവില്‍ 2.75 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുമുണ്ട്.

നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോള്‍ അദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാനും ആലോചനയുണ്ട്. അതിനാലാണ് ബെഹറയെ നെടുമ്പാശേരിയിലേക്ക് പരിഗണിക്കുന്നത്.

നാലുവര്‍ഷമായി ഡിജിപി പദവിയിലുള്ള ബെഹറയെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റാനിടയുണ്ട്. മൂന്നുവര്‍ഷം ഒരേ കസേരയിലിരുന്നവരെ മാറ്റുകയാണ് പതിവ്. അതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബെഹറയ്ക്ക് പുതിയ നിയമനം നല്‍കാനും ഇടയുണ്ട്. ഡി. ജി. പി പദവിയിലുള്ള ഋഷിരാജ് സിംഗ്, ടോമിന്‍ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേര്‍ത്താണ് യു.പി.എസ്.സിക്ക് നല്‍കേണ്ടത്. ഡിജിപി തസ്തികയിലുള്ള ആര്‍.ശീലേഖ ഡിസംബറില്‍ വിരമിക്കും. എ.ഡി.ജി.പിമാരായ സുധേഷ്‌കുമാര്‍, അനില്‍കാന്ത്, ബി.സന്ധ്യ എന്നിവരാണ് പിന്നാലെയുള്ളത്.

Top