കൂടത്തായി കൊലപാതക പരമ്പര : ഡി.ജി.പി പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു

DGP Loknath Behera

വടകര : കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കൂടത്തായിയിലെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്.

ഡി.ജി.പി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തും. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ഡി.ജി.പി താമരശേരി ഡി.വൈ.എസ്.പിയെ കണ്ടശേഷം വടകരയിലേക്ക് തിരിച്ചു. ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പത്ത് മണിക്ക് യോഗം ചേരും.

കൂടത്തായി കൂട്ടമരണത്തില്‍ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം.

കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്നമ്മ തോമസിന്റെ മരണം പേരാമ്പ്ര സി.ഐ കെ.കെ. ബിജുവും ടോം തോമസിന്റെ മരണം കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും മഞ്ചാടി മാത്യു കൊലപാതകം കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണനും ആല്‍ഫൈന്‍ കൊലപാതകം തിരുവമ്പാടി സി.ഐ ഷാജു ജോസഫും താമരശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ മരണം വടകര കോസ്റ്റല്‍ പൊലീസ് സി.ഐ ബി.കെ. സിജുവും അന്വേഷിക്കും.

അതേസമയം പൊന്നാമറ്റം വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെ ലഭിച്ച തവിട്ട് നിറത്തിലുള്ള പൊടി സയനൈഡ് ആണോ എന്ന് കണ്ടത്താന്‍ കൂടുതല്‍ രാസപരിശോധനക്ക് അയക്കും. ജോളിയെയും മാത്യുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Top