കെ റെയില്‍; പ്രതിഷേധങ്ങള്‍ പൊലീസ് സംയമനത്തോടെ കൈകാര്യം ചെയ്യണം: ഡിജിപി

തിരുവനന്തപുരം: കെ റെയിൽ സർവേക്കെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത്. ജില്ലാ പൊലീസ് മേധാവികൾക്ക് ഇതുസംബന്ധിച്ച് നിർദേശം ഡി.ജി.പി കൈമാറി.

കെ റെയിൽ സർവേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദേശം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ നിന്നും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്നാണ് ഡി.ജി.പിയുടെ നിർദേശം. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ട​െതന്നും സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.

അതിനിടെ, മലപ്പുറം തിരുനാവായയിൽ പ്രതിഷേധത്തെ തുടർന്ന് കെ റെയിൽ സർവേ മാറ്റിവെച്ചു. സർവേയുടെ ഭാഗമായി കല്ലിടാനുള്ള നീക്കമാണ് പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്.

Top