DGP T P Senkumar congratulated SPC for SSLC Exam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബിഗ് സല്യൂട്ട്.

ഉത്തരവാദിത്വബോധവും കാര്യശേഷിയും നേതൃത്വഗുണവുമുള്ള യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതും കേരളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞതുമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (spc) പദ്ധതി രാജ്യം മുഴുവന്‍ ഏറ്റെടുക്കാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ എസ്.എസ്. എല്‍.സി പരീക്ഷാ ഫലം പുറത്തു വരുന്നത്.

സംസ്ഥാനത്ത് എസ്പിസി പദ്ധതി നിലവിലുള്ള സ്‌ക്കൂളുകളില്‍ പത്താം തരത്തില്‍ പരീക്ഷയെഴുതിയത് 305 സ്‌കൂളുകളിലെ സീനിയര്‍ കേഡറ്റുകളാണ്. ഇതില്‍ എസ്പിസിയ്ക്ക് മാത്രമായി ലഭിച്ചത് 1734 ഫുള്‍ എ+ ആണെന്നത് അഭിമാനകരമാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഇത് സംസ്ഥാനത്ത് ആകെ ലഭിച്ച ഫുള്‍ എ+ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്പിസി പദ്ധതി നിലവിലുള്ള സ്‌ക്കൂളുകളുടെ വിജയശതമാനത്തില്‍ സിംഹഭാഗവും എസ്പിസി വഴിയാണ് ലഭിച്ചിരിക്കുന്നത്. ഒരു സ്‌ക്കൂളില്‍ പരമാവധി 44 എസ്പിസി കേഡറ്റുകള്‍ മാത്രമാണ് എസ്.എസ്. എല്‍.സി പരീക്ഷ എഴുതുന്നതെന്ന വസ്തുത കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

കേരളത്തിന്റെ കടല്‍ത്തീരപ്രദേശങ്ങളിലെയും ദുര്‍ഘട പിന്നോക്ക പ്രദേശങ്ങളിലേയും സ്‌കൂളുകളുടെ വിജയശതമാനം കാര്യമായി വര്‍ദ്ധിക്കാനും കുട്ടികളുടെ ‘കൊഴിഞ്ഞ് പോക്ക് ‘ ഒരു പരിധിവരെ തടയാനും ഈ പദ്ധതിക്ക് സാധിച്ചെന്ന് രക്ഷാകര്‍ത്താക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

കേരള സര്‍ക്കാര്‍ ഐടി മിഷന്‍ ആവിഷ്‌ക്കരിച്ച് എസ്പിസി പദ്ധതി വഴി നടപ്പിലാക്കിയ ‘ഡിജിറ്റല്‍ എംപവര്‍മെന്റ് പ്രോഗ്രാം’ സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ചത് തിരുവനന്തപുരം ജില്ലയില്‍ വിതുര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ്. ഇവിടുത്തെ 80% ഫുള്‍ എപ്ലസ്സും കരസ്ഥമാക്കിയിരിക്കുന്നത് എസ്പിസി കേഡറ്റുകളാണ്. ഇത് വിതുരയില്‍ മാത്രം സംഭവിച്ചതല്ല. കോഴിക്കോട് ജില്ലയിലെ മേമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 70% എസ്പിസി
കേഡറ്റുകള്‍ക്കും ഫുള്‍ എ+ ലഭിച്ചു. ഇരുപതോളം സ്‌ക്കൂളുള്ളില്‍ ഇക്കുറി ലഭിച്ച മൊത്തം ഫുള്‍ എ+ ഉം എസ്പിസി കേഡറ്റുകളാണ് നേടിയിരിക്കുന്നത്. നിരവധി സ്‌ക്കൂളുകള്‍ക്ക് അവരുടെ വിജയശതമാനം അഭിമാനാര്‍ഹമാം വിധം ഉയര്‍ത്താന്‍ ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.

100% വിജയവുമായി എസ്പിസി പദ്ധതി എസ്.എസ്.എല്‍.സി പരീക്ഷയിലും വെന്നിക്കൊടി പാറിച്ചിരിക്കുന്നു. സ്‌കൂള്‍ തലത്തില്‍ നിലവിലുള്ള രണ്ടു ഡസനിലധികം വരുന്ന വിദ്യാര്‍ത്ഥി ശാക്തീകരണ സംഘങ്ങളില്‍ നിന്നും എസ്പിസിയെ വ്യത്യസ്ഥമാക്കുന്നതെന്തെന്ന ചോദ്യം എസ്.പി.സി.പ്രവര്‍ത്തകരെല്ലാം തന്നെ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതാണ്. ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഈ ചോദ്യത്തിനുള്ള ശരിയായ മറുപടിയാണെന്ന് ഞാന്‍ കരുതുന്നു.എസ്പിസി പദ്ധതി നിലവിലുള്ള സ്‌ക്കൂളുകളിലെ വിജയകണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമന്നും സെന്‍കുമാര്‍ പറഞ്ഞു.

ജീവിതാവസ്ഥകളോടുള്ള ഗുണാത്മകവും പ്രായോഗികവുമായ പ്രതികരണശേഷിയും സ്വയം പരുവപ്പെടുന്ന അച്ചടക്കവുമാണ് ഒരു വ്യക്തിയെ നിര്‍മ്മിക്കുന്നതും ആധുനിക സമൂഹത്തില്‍ അയാളുടെ ഭാഗധേയം തീരുമാനിക്കുന്നതും. എസ്പിസി പദ്ധതി വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ്ണ വ്യക്തിത്വത്തിലൂടെ പാകപ്പെടുന്നതും ഇത്തരമൊരു വ്യക്തിയാണ്. നിരന്തരവും ചിട്ടപ്രധാനവുമായ രണ്ടു വര്‍ഷത്തെ എസ്പിസി പരിശീലനത്തിലൂടെ കടന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം മുഖ്യമായും കരഗതമാകുന്നത് അയാള്‍ക്കു ചുറ്റിനുമുളള എന്തിനേയും നിര്‍ഭയമായി അഭിസംബോധന ചെയ്യുവാനുള്ള പ്രാപ്തിയാണ്. ഈ ആത്മവിശ്വാസം തന്നെയാണ് ഒരു എസ്പിസി കേഡറ്റിനെ വ്യത്യസ്ഥനാക്കുന്നത്. ഈ ഘടകം തന്നെയാണ് പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സഹായിക്കുന്നതും.

ജീവിതത്തിലെ ദുരവസ്ഥ കളോട് പടവെട്ടി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടി ലോകത്തിനു മുഴുവന്‍ മാതൃകയായ ഇടുക്കി ജില്ലയിലെ പണിക്കക്കുടിയിലെ എസ്പിസി കേഡറ്റ് അഞ്ജനി ഷാബുവിനെപ്പോലെയുള്ള നിരവധി പ്രതിഭകള്‍ ഇനി ഈ പദ്ധതിയിലൂടെ ഉയര്‍ന്നു വരുമെന്ന് എനിക്കുറപ്പുണ്ട്. അഭിമാനാര്‍ഹമായ വിജയം നേടിയ എല്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും കേഡറ്റുകളെ ഇത്തരത്തില്‍ ഉന്നത വിജയത്തിനു പ്രാപ്തരാക്കിയ, എസ്പിസിയില്‍ നിസ്തുല സേവനം ചെയ്യുന്ന എല്ലാ അധ്യാപക അധ്യാപികമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍- സെന്‍കുമാര്‍ പറഞ്ഞു.

Top