പൊലീസിന്റെ മേല്‍ത്തട്ടില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍.

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ കൂടുതല്‍. താഴെതട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകളെങ്കില്‍ ഐപിഎസ് തലത്തില്‍ അത് നാല് ശതമാനം വരെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

പോലീസിന് ഭീഷണി സേനയ്ക്കുള്ളില്‍ നിന്ന് തന്നെയാണ്. നമ്മള്‍ ആദ്യ നിയമം പാലിക്കണം എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാവൂവെന്ന് അദ്ദേഹം പോലീസ് സേനയോട് അഭ്യര്‍ഥിച്ചു. സത്യസന്ധമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. മറ്റൊരു മനുഷ്യന്റെ വേദനയും പ്രയാസവും കണ്ട് തീരുമാനമെടുക്കണം. ഇത്ര സമയത്തിനുള്ളില്‍ ഒരു കേസിലും പ്രതിയെ പിടിക്കണം എന്നൊന്നുമില്ല. ഇതൊന്നും ഒരു നിയമവും അനുശാസിക്കുന്നില്ല.

ഇല്ലാത്ത പ്രതിയെ ഉണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കരുത്. കേസിനെ സംബന്ധിച്ച് പത്രങ്ങളില്‍ എങ്ങനെ വാര്‍ത്തവരുന്നു എന്നതല്ല പ്രധാനം. കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മതതീവ്രവാദവും, ഇടതുപക്ഷ തീവ്രവാദവും ഭീഷണിയാണ്. പാവപ്പെട്ടവരോടും സ്ത്രീകളോടും കുട്ടികളോടും ഏറ്റവും നന്നായി വേണം പോലീസുകാര്‍ പെരുമാറാന്‍. പോലീസുകാര്‍ ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയവിശ്വാസങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ആ വിശ്വാസം മാറ്റിവെച്ച് വേണം പ്രവര്‍ത്തിക്കാന്‍. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോലീസ് സേനയില്‍ തിരികെ എത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ക്രിമിനല്‍ സ്വഭാവമുളള ചില ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പോലീസില്‍ കൈവിരലില്‍ എണ്ണാവുന്നവരൊഴികെയുള്ളവര്‍ താന്‍ ശരിയാണെന്ന് കരുതുന്നവരായിരിക്കും, നിയമവിരുദ്ധമായ ഒരു കാര്യത്തിനും വാക്കാലോ ഉത്തരവോ ഒരിക്കലും താന്‍ നല്‍കിയിട്ടില്ല.
പോലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ളവര്‍ കൂപമണ്ഡൂകങ്ങളാണ്. പോലീസിലെ ക്രിമിനല്‍വത്കരണത്തിനെതിരെ ഇനിയും രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി ഉണ്ടാകും എന്ന സൂചനയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Top