എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമുള്ള പോക്‌സോ പരീക്ഷ മാറ്റിയതായി ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: പോക്‌സോ കേസന്വേഷണത്തില്‍ വീഴ്ചവരുത്തുന്നത് തടയാന്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചു. ഇന്ന് വൈകുന്നേരമാണ് ഡിജിപി പോക്‌സോ പരീക്ഷക്ക് ഉത്തരവിട്ടത്. പോക്‌സോ സംബന്ധിച്ച പരീക്ഷയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തെ നിര്‍ബന്ധ പരിശീലനമായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിരവധി ഉത്തരവുകളാണ് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പോക്‌സോ കേസന്വേഷണത്തിന് ചുമതലയുള്ള ഡിവൈഎസ്പിമാക്കും അയച്ചിട്ടുള്ളത്. എന്നിട്ടും അന്വേഷണത്തില്‍ വീഴ്ച വരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പരീക്ഷ നടത്താന്‍ ഡിജിപി തീരുമാനിച്ചത്.

കണ്ണൂരില്‍ ബിജെപി നേതാവായ അധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിനുണ്ടായ അനാസ്ഥ ഏറെ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, കൊവിഡ് കാലത്തെ തിരക്കിനിടയിലെ പരീക്ഷക്കെതിരെ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു.

Top