dgp-on-sabarimala-incident

loknath behra

തിരുവനന്തപുരം: ശബരിമലയിലുണ്ടായ അപകടത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

തങ്കഅങ്കി അണിയിച്ച ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെ മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ടാണ് ശബരിമലയില്‍ അപകടം ഉണ്ടായത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ നടപടി വേണമോയെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളൂവെന്നും ഡി.ജി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലുണ്ടായ അപകടം ആശങ്കയുണ്ടാക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ശബരിമല എന്നത് പ്രധാന കാര്യമാണ്.

ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ കൂടാതെ പഞ്ചാബില്‍ നിന്നു പോലും ശബരിമലയില്‍ ഭക്തര്‍ എത്തുന്നുണ്ട്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ഡി.ജി.പി അറിയിച്ചു.

ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആകാശനിരീക്ഷണത്തിന് വ്യോമസേനയുടെ സഹായം തേടുമെന്നും ബെഹ്‌റ അറിയിച്ചു.

Top