ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായി പൊന്നാമറ്റം വീട് സന്ദര്‍ശിക്കും

കോഴിക്കോട് : ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായി പൊന്നാമറ്റം വീട് സന്ദര്‍ശിക്കും. വടകര റൂറല്‍ എസ്.പി ഓഫീസിലെത്തുന്ന ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാവും കൂടത്തായിലെ പൊന്നാമറ്റം വീട് സന്ദര്‍ശിക്കുന്നത്.

ഡിജിപിയുടെ സാന്നിധ്യത്തില്‍ ജോളിയെയും മറ്റ് കൂട്ടുപ്രതികളെയും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്. മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍.ഐ.ടി പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്നമ്മയും ടോം തോമസും റോയി തോമസും മരിച്ച കൂടത്തായിലെ പൊന്നാമറ്റം വീടിലെത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്.

മരിച്ച മാത്യുവിന്റെ വീട്ടിലും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലുമെത്തിച്ചും തെളിവെടുപ്പ് നടത്തി. ശേഷം എന്‍.ഐ.ടിയുടെ ക്യാന്റീനിലും അതിന്റെ പരിസരത്തുള്ള പള്ളിയിലുമായിരുന്നു തെളിവെടുപ്പ്. എന്‍.ഐ.ടിയുടെ അടുത്തുള്ള ബ്യൂട്ടിപാര്‍ലറിലെത്തിച്ചെങ്കിലും അവിടെ ജോളിയെ ഇറക്കി തെളിവെടുപ്പ് നടത്താനായില്ല. തെളിവെടുപ്പില്‍ കിട്ടിയ പുതിയ വിവരങ്ങളുടെ കൂടി പശ്ചാതലത്തില്‍ ഇന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്‌തേക്കും.

Top