ഡിജിപിയുടെ വിദേശ യാത്ര; തെറ്റ് ബോധ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയില്‍ ദുരൂഹത ഉണ്ടെന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. ചില രഹസ്യ വിവരങ്ങള്‍ സി.എ.ജി. നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും അത് കേന്ദ്രത്തിന് മുന്നില്‍ എത്തിയിട്ടുണ്ടെന്നും മുരളീധരന്‍ സൂചിപ്പിച്ചു. മാത്രമല്ല ഇതേ കുറിച്ച് ബെഹ്‌റയോട് വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘വിവാദ കമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണ’മെന്നും മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, നിലവില്‍ സി.എ.ജി. റിപ്പോര്‍ട്ട് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും പല കാര്യങ്ങളും ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നുണ്ടെന്നും അതുപോലെ തന്നെ ഈ വിഷയത്തെ കുറിച്ചും ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top