അതിഥിതൊഴിലാളികളുടെ മടക്കയാത്ര; മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്ര അനുവദിച്ച സാഹചര്യത്തില്‍ മടക്കയാത്രയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ്‌ബെഹ്‌റ. മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് വരെ കാത്തിരിക്കണമെന്ന് അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ സേവനവും തേടും.

ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നതിനിടെയാണ് ചിലയിടങ്ങളില്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.

ഇന്ന് മലപ്പുറം ചട്ടിപ്പറമ്പില്‍ നൂറോളം അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രകടനമായി തെരുവിലിറങ്ങിയിരുന്നു. പൊലീസ് ലാത്തി വിശീയാണ് ഇവരെ നീക്കിയത്. പ്രകടനത്തിനു പിന്നില്‍ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ തെഴിലാളികള്‍ നാട്ടിലെത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. അതേസമയം സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കാന്‍ ശ്രമമുണ്ടായാല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Top